വിശുദ്ധ ഖുര്‍ആന്‍: അദ്ധ്യായം-15-(ഹിജ്റ്)

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

 

 

∎ ا ل رَ تِلْكَ آيَاتُ الْكِتَابِ وَقُرْآنٍ مُّبِينٍ
1= അലിഫ്‌ ലാംറാ-വേദത്തിലെ അഥവാ ( കാര്യങ്ങള്‍ ) സ്പഷ്ടമാക്കുന്ന ഖുര്‍ആനിലെ വചനങ്ങളാകുന്നു അവ.

∎رُّبَمَا يَوَدُّ الَّذِينَ كَفَرُواْ لَوْ كَانُواْ مُسْلِمِينَ
2=തങ്ങള്‍ മുസ്ലിംകള്‍(ദൈവീക വ്യവസ്ഥിതിക്ക് വേണ്ടി നിലകൊള്ളുന്നവര്‍)ആയിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന്‌ ചിലപ്പോള്‍ (സത്യവ്യവസ്ഥിതിയെ) മറച്ചുവെച്ചവര്‍ കൊതിച്ച്‌ പോകും.

∎ذَرْهُمْ يَأْكُلُواْ وَيَتَمَتَّعُواْ وَيُلْهِهِمُ الأَمَلُ فَسَوْفَ يَعْلَمُونَ
3=നീ അവരെ വിട്ടേക്കുക. അവര്‍ തിന്നുകയും സുഖിക്കുകയും (ഭാവിയിലും തങ്ങള്‍ സുരക്ഷിതാണെന്ന)വ്യാമോഹത്തില്‍ വ്യാപൃതരാകുകയും ചെയ്തു കൊള്ളട്ടെ. ( പിന്നീട്‌ ) അവര്‍ മനസ്സിലാക്കിക്കൊള്ളും.

∎وَمَا أَهْلَكْنَا مِن قَرْيَةٍ إِلاَّ وَلَهَا كِتَابٌ مَّعْلُومٌ
4=ഒരു രാജ്യത്തെയും നാം നശിപ്പിച്ചിട്ടില്ല; (സത്യനിഷേധത്തിന്‍റെ അനുപാത പൂര്‍ത്തികരണത്തിന്)നിര്‍ണ്ണയിച്ച ഒരു അവധി അതിന്ന്‌ നല്‍കപ്പെട്ടിട്ടല്ലാതെ.

∎مَّا تَسْبِقُ مِنْ أُمَّةٍ أَجَلَهَا وَمَا يَسْتَأْخِرُونَ
5=ഒരു സമൂഹവും (മേല്‍ നിര്‍ണ്ണയിച്ച പ്രകാരം) അതിന്‍റെ അവധിയേക്കാള്‍ മുമ്പിലാവുകയില്ല. ( അവധി വിട്ട്‌ ) അവര്‍ പിന്നോട്ട്‌ പോകുകയുമില്ല.

∎وَقَالُواْ يَا أَيُّهَا الَّذِي نُزِّلَ عَلَيْهِ الذِّكْرُ إِنَّكَ لَمَجْنُونٌ
6=അവര്‍ ( അല്ലാഹുവിന്‍റെ വ്യവസ്ഥിതിയെ അവഗണിച്ചവര്‍) പറഞ്ഞു: ഹേ; ഉല്‍ബോധനം അവതരിപ്പിക്കപ്പെട്ടിട്ടുള്ള മനുഷ്യാ! തീര്‍ച്ചയായും നീ ഒരു ഭ്രാന്തന്‍ തന്നെ.

∎لَّوْ مَا تَأْتِينَا بِالْمَلائِكَةِ إِن كُنتَ مِنَ الصَّادِقِينَ
7=നീ സത്യവാന്‍മാരില്‍ പെട്ടവനാണെങ്കില്‍ നീ ഞങ്ങളുടെ അടുക്കല്‍ മലക്കുകളെ കൊണ്ട്‌ വരാത്തതെന്ത്‌?

∎مَا نُنَزِّلُ الْمَلائِكَةَ إِلاَّ بِالْحَقِّ وَمَا كَانُواْ إِذًا مُّنظَرِينَ
8=എന്നാല്‍ ന്യായമായ കാരണത്താലല്ലാതെ നാം മലക്കുകളെ ഇറക്കുന്നതല്ല. അന്നേരം(നിഷേധത്തിനെതിരെ മലക്കുകള്‍ അവരുടെ ജോലി ആരംഭിച്ചാല്‍) അവര്‍ക്ക്‌ ( ദൈവീക വ്യവസ്ഥിതിയെനിഷേധിച്ചവര്‍ക്ക്‌ ) സാവകാശം നല്‍കപ്പെടുന്നതുമല്ല.

∎إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ
9=തീര്‍ച്ചയായും നാമാണ്‌ ആ ഉല്‍ബോധനം അവതരിപ്പിച്ചത്‌. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്‌.

∎وَلَقَدْ أَرْسَلْنَا مِن قَبْلِكَ فِي شِيَعِ الأَوَّلِينَ
10=തീര്‍ച്ചയായും നിനക്ക്‌ മുമ്പ്‌ പൂര്‍വ്വികന്‍മാരി
ലെ പല കക്ഷികളിലേക്ക്‌ നാം ദൂതന്‍മാരെ അയച്ചിട്ടുണ്ട്‌.

∎ وَمَا يَأْتِيهِم مِّن رَّسُولٍ إِلاَّ كَانُواْ بِهِ يَسْتَهْزِؤُونَ
11=(ദൈവീക വ്യവസ്ഥിതിയിലേക്കുള്ല സന്ദേശവുമായി)ഏതൊരു ദൂതന്‍ അവരുടെ അടുത്ത്‌ ചെല്ലുമ്പോഴും അവര്‍ അദ്ദേഹത്തെ പരിഹസിക്കാതിരുന്നിട്ടില്ല.

∎كَذَلِكَ نَسْلُكُهُ فِي قُلُوبِ الْمُجْرِمِنَ
12=അപ്രകാരം കുറ്റവാളികളുടെ(സ്വന്തം രക്ഷിതാവിന്‍റെ വ്യവസ്ഥിതിയെ അവഗണിച്ചവരുടെ) ഹൃദയങ്ങളില്‍ അത്‌ ( ചീത്ത പ്രവണതകളെ) ) നാം ചെലുത്തി വിടുന്നതാണ്‌.

∎لاَ يُؤْمِنُونَ بِهِ وَقَدْ خَلَتْ سُنَّةُ الأَوَّلِينَ
13=പൂര്‍വ്വികന്‍മാരില്‍ ( അവരുടെ ഇഹ-പര രക്ഷക്കവതരിപ്പിച്ചുകൊടുത്ത വ്യവസ്ഥിതിയെ നിഷേധിച്ചപ്പോള്‍ അവരെ ശിക്ഷിക്കാനുള്ള ദൈവത്തിന്‍റെ ) നടപടി നടന്ന്‌ കഴിഞ്ഞിട്ടും അവര്‍ ഇതില്‍(സത്യദീനില്‍) വിശ്വസിക്കുന്നില്ല

∎وَلَوْ فَتَحْنَا عَلَيْهِم بَابًا مِّنَ السَّمَاء فَظَلُّواْ فِيهِ يَعْرُجُونَ
14=അവരുടെ മേല്‍ ആകാശത്ത്‌ നിന്ന്‌ നാം ഒരു കവാടം തുറന്നുകൊടുക്കുകയും, എന്നിട്ട്‌ അതിലൂടെ അവര്‍ കയറിപ്പോയിക്കൊണ്ടിരിക്കുകയും ചെയ്താല്‍ പോലും.

∎لَقَالُواْ إِنَّمَا سُكِّرَتْ أَبْصَارُنَا بَلْ نَحْنُ قَوْمٌ مَّسْحُورُونَ
15=അവര്‍ പറയും: ഞങ്ങളുടെ കണ്ണുകള്‍ക്ക്‌ മത്ത്‌ ബാധിച്ചത്‌ മാത്രമാണ്‌. അല്ല, ഞങ്ങള്‍ ലഹരി ബാധിച്ച ഒരു കൂട്ടം ആളുകളാണ്‌.

∎وَلَقَدْ جَعَلْنَا فِي السَّمَاء بُرُوجًا وَزَيَّنَّاهَا لِلنَّاظِرِينَ
16=ആകാശത്ത്‌ നാം നക്ഷത്രമണ്ഡലങ്ങള്‍ നിശ്ചയിക്കുകയും, നോക്കുന്നവര്‍ക്ക്‌ അവയെ നാം അലംകൃതമാക്കുകയും ചെയ്തിരിക്കുന്നു.

∎وَحَفِظْنَاهَا مِن كُلِّ شَيْطَانٍ رَّجِيمٍ
17=ആട്ടിയകറ്റപ്പെട്ട എല്ലാ പിശാചുക്കളില്‍ നിന്നും അതിനെ നാം കാത്തുസൂക്ഷിക്കുകയും ചെയ്തിരിക്കുന്നു.

∎إِلاَّ مَنِ اسْتَرَقَ السَّمْعَ فَأَتْبَعَهُ شِهَابٌ مُّبِينٌ
18എന്നാല്‍ കട്ടുകേള്‍ക്കാന്‍ ശ്രമിച്ചവനാകട്ടെ, പ്രത്യക്ഷമായ ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്‌.

∎وَالأَرْضَ مَدَدْنَاهَا وَأَلْقَيْنَا فِيهَا رَوَاسِيَ وَأَنبَتْنَا فِيهَا مِن كُلِّ شَيْءٍ مَّوْزُونٍ
19=ഭൂമിയെ നാം വിശാലമാക്കുകയും അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ സ്ഥാപിക്കുകയും, അളവ്‌ നിര്‍ണയിക്കപ്പെട്ട എല്ലാ വസ്തുക്കളും അതില്‍ നാം മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.

∎وَجَعَلْنَا لَكُمْ فِيهَا مَعَايِشَ وَمَن لَّسْتُمْ لَهُ بِرَازِقِينَ
20=നിങ്ങള്‍ക്കും, നിങ്ങള്‍ ആഹാരം നല്‍കിക്കൊണ്ടിരിക്കുന്നവരല്ലാത്തവര്‍ക്കും അതില്‍ നാം ഉപജീവനമാര്‍ഗങ്ങള്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു.

 

∎ وَإِن مِّن شَيْءٍ إِلاَّ عِندَنَا خَزَائِنُهُ وَمَا نُنَزِّلُهُ إِلاَّ بِقَدَرٍ مَّعْلُومٍ
21=യാതൊരു വസ്തുവും നമ്മുടെ പക്കല്‍ അതിന്‍റെ ഖജനാവുകള്‍ ഉള്ളതായിട്ടല്ലാതെയില്ല. ( എന്നാല്‍ ) ഒരു നിര്‍ണിതമായ തോതനുസരിച്ചല്ലാതെ നാമത്‌ ഇറക്കുന്നതല്ല.

∎وَأَرْسَلْنَا الرِّيَاحَ لَوَاقِحَ فَأَنزَلْنَا مِنَ السَّمَاء مَاء فَأَسْقَيْنَاكُمُوهُ وَمَا أَنتُمْ لَهُ بِخَازِنِينَ
22=മേഘങ്ങളുല്‍പാദിപ്പിക്കുന്ന കാറ്റുകളെ നാം അയക്കുകയും, എന്നിട്ട്‌ ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതരികയും, എന്നിട്ട്‌ നിങ്ങള്‍ക്ക്‌ അത്‌ കുടിക്കുമാറാക്കുകയും ചെയ്തു. നിങ്ങള്‍ക്കത്‌ സംഭരിച്ച്‌ വെക്കാന്‍ കഴിയുമായിരുന്നില്ല.

∎وَإِنَّا لَنَحْنُ نُحْيِي وَنُمِيتُ وَنَحْنُ الْوَارِثُونَ
23=തീര്‍ച്ചയായും, നാം തന്നെയാണ്‌ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്‌. ( എല്ലാറ്റിന്‍റെയും ) അനന്തരാവകാശിയും നാം തന്നെയാണ്‌.

∎وَلَقَدْ عَلِمْنَا الْمُسْتَقْدِمِينَ مِنكُمْ وَلَقَدْ عَلِمْنَا الْمُسْتَأْخِرِينَ
24=തീര്‍ച്ചയായും നിങ്ങളില്‍ നിന്ന്‌ മുമ്പിലായവര്‍ ആരെന്ന്‌ നാം അറിഞ്ഞിട്ടുണ്ട്‌. പിന്നിലായവര്‍ ആരെന്നും നാം അറിഞ്ഞിട്ടുണ്ട്‌.

∎وَإِنَّ رَبَّكَ هُوَ يَحْشُرُهُمْ إِنَّهُ حَكِيمٌ عَلِيمٌ
25=തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ തന്നെ അവരെ ഒരുമിച്ചുകൂട്ടുന്നതുമാണ്‌. തീര്‍ച്ചയായും അവന്‍ യുക്തിമാനും സര്‍വ്വജ്ഞനുമത്രെ.

∎وَلَقَدْ خَلَقْنَا الإِنسَانَ مِن صَلْصَالٍ مِّنْ حَمَإٍ مَّسْنُونٍ
26=കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ ( മുട്ടിയാല്‍ ) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന്‌ നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു.

∎وَالْجَانَّ خَلَقْنَاهُ مِن قَبْلُ مِن نَّارِ السَّمُومِ
27=അതിന്നു മുമ്പ്‌ ജിന്നിനെ അത്യുഷ്ണമുള്ള അഗ്നിജ്വാലയില്‍ നിന്നു നാം സൃഷ്ടിച്ചു.

∎وَإِذْ قَالَ رَبُّكَ لِلْمَلائِكَةِ إِنِّي خَالِقٌ بَشَرًا مِّن صَلْصَالٍ مِّنْ حَمَإٍ مَّسْنُونٍ
28=നിന്‍റെ രക്ഷിതാവ്‌ മലക്കുകളോട്‌ ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം ശ്രദ്ധേയമാകുന്നു: കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന്‌ ഞാന്‍ ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്‌.

∎فَإِذَا سَوَّيْتُهُ وَنَفَخْتُ فِيهِ مِن رُّوحِي فَقَعُواْ لَهُ سَاجِدِينَ
29=അങ്ങനെ ഞാന്‍ അവനെ ശരിയായ രൂപത്തിലാക്കുകയും, എന്‍റെ ആത്മാവില്‍ നിന്ന്‌ അവനില്‍ ഞാന്‍ ഊതുകയും ചെയ്താല്‍, അപ്പോള്‍ അവന്ന്‌ പ്രണമിക്കുന്നവരായിക്കൊണ്ട്‌ നിങ്ങള്‍ വീഴുവിന്‍.

∎فَسَجَدَ الْمَلائِكَةُ كُلُّهُمْ أَجْمَعُونَ
30=അപ്പോള്‍ മലക്കുകള്‍ എല്ലാവരും പ്രണമിച്ചു.(ഭൂമിയിലെ അല്ലാഹവിന്‍റെ ഖലീഫയായി ആദമിനെ സര്‍വ്വാത്മനാ എല്ലാവരും അംഗീകരിച്ചു)

∎إِلاَّ إِبْلِيسَ أَبَى أَن يَكُونَ مَعَ السَّاجِدِينَ 
31=ഇബ്ലീസ്‌ ഒഴികെ. പ്രണമിക്കുന്നവരുടെ കൂട്ടത്തിലായിരിക്കാന്‍ അവന്‍ വിസമ്മതിച്ചു.

∎قَالَ يَا إِبْلِيسُ مَا لَكَ أَلاَّ تَكُونَ مَعَ السَّاجِدِينَ 
32=അല്ലാഹു പറഞ്ഞു: ഇബ്ലീസേ, പ്രണമിക്കുന്നവരുടെ കൂട്ടത്തില്‍ ചേരാതിരിക്കുവാന്‍ നിനക്കെന്താണ്‌ ന്യായം?

∎ قَالَ لَمْ أَكُن لِّأَسْجُدَ لِبَشَرٍ خَلَقْتَهُ مِن صَلْصَالٍ مِّنْ حَمَإٍ مَّسْنُونٍ
33=അവന്‍ പറഞ്ഞു : കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ ( മുട്ടിയാല്‍ ) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന്‌ നീ സൃഷ്ടിച്ച മനുഷ്യന്‌ ഞാന്‍ പ്രണമിക്കേണ്ടവനല്ല.

∎قَالَ فَاخْرُجْ مِنْهَا فَإِنَّكَ رَجِيمٌ
34=അവന്‍ പറഞ്ഞു: നീ ഇവിടെ നിന്ന്‌ പുറത്ത്‌ പോ. തീര്‍ച്ചയായും നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു.

∎وَإِنَّ عَلَيْكَ اللَّعْنَةَ إِلَى يَوْمِ الدِّينِ
35=തീര്‍ച്ചയായും ന്യായവിധിയുടെ നാള്‍ വരെയും നിന്‍റെ മേല്‍ ശാപമുണ്ടായിരിക്കുന്നതാണ്‌.

∎قَالَ رَبِّ فَأَنظِرْنِي إِلَى يَوْمِ يُبْعَثُونَ
36=അവന്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ എനിക്ക്‌ നീ അവധി നീട്ടിത്തരേണമേ.

∎قَالَ فَإِنَّكَ مِنَ الْمُنظَرِينَ
37=അല്ലാഹു പറഞ്ഞു: എന്നാല്‍ തീര്‍ച്ചയായും നീ അവധി നല്‍കപ്പെടുന്നവരുടെ കൂട്ടത്തില്‍ തന്നെയായിരിക്കും.

∎إِلَى يَوْمِ الْوَقْتِ الْمَعْلُومِ
38=ആ നിശ്ചിത സന്ദര്‍ഭം വന്നെത്തുന്ന ദിവസം വരെ.

∎قَالَ رَبِّ بِمَا أَغْوَيْتَنِي لأُزَيِّنَنَّ لَهُمْ فِي الأَرْضِ وَلأُغْوِيَنَّهُمْ أَجْمَعِينَ
39=അവന്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത്‌ അവര്‍ക്കു ഞാന്‍ ( ദുഷ്പ്രവൃത്തികള്‍ ) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും; തീര്‍ച്ച.

∎إِلاَّ عِبَادَكَ مِنْهُمُ الْمُخْلَصِينَ
40അവരുടെ കൂട്ടത്തില്‍ നിന്ന്‌ നിന്‍റെ നിഷ്കളങ്കരായ ദാസന്‍മാരൊഴികെ.

∎قَالَ هَذَا صِرَاطٌ عَلَيَّ مُسْتَقِيمٌ
41=അവന്‍ ( അല്ലാഹു ) പറഞ്ഞു: എന്നിലേക്ക്‌ നേര്‍ക്കുനേരെയുള്ള മാര്‍ഗമാകുന്നു ഇത്‌.

∎إِنَّ عِبَادِي لَيْسَ لَكَ عَلَيْهِمْ سُلْطَانٌ إِلاَّ مَنِ اتَّبَعَكَ مِنَ الْغَاوِينَ
42=തീര്‍ച്ചയായും എന്‍റെ ദാസന്‍മാരുടെ (മറ്റെല്ലാവ്യവസ്ഥിതികളില്‍ നിന്നും മുഖംതിരിച്ച് ദൈവീക വ്യവസ്ഥിതിയെ മാത്രം ജീവിത പ്രമാണമായംഗീകരിച്ച് അതിന്റെ പ്രബോധനമാര്‍ഗ്ഗത്തില്‍ ആത്മാര്‍ത്ഥതയോടെ നിലകൊള്ളുന്നവര്‍)മേല്‍ നിനക്ക്‌ യാതൊരു ആധിപത്യവുമില്ല. നിന്നെ പിന്‍പറ്റിയ (അല്ലാഹുവിന്റെ വ്യവസ്ഥിതിയെ അവഗണിച്ച)ദുര്‍മാര്‍ഗികളുടെ മേലല്ലാതെ.

∎وَإِنَّ جَهَنَّمَ لَمَوْعِدُهُمْ أَجْمَعِينَ

 43=തീര്‍ച്ചയായും നരകം അവര്‍ക്കെല്ലാം നിശ്ചയിക്കപ്പെട്ട സ്ഥാനം തന്നെയാകുന്നു.

 ¯¯¯¯¯

∎ لَهَا سَبْعَةُ أَبْوَابٍ لِّكُلِّ بَابٍ مِّنْهُمْ جُزْءٌ مَّقْسُومٌ
44=അതിന്‌ (നരകത്തിന്)ഏഴ്‌ കവാടങ്ങളുണ്ട്‌. ഓരോ വാതിലിലൂടെയും കടക്കുവാനായി വീതിക്കപ്പെട്ട ഓരോ വിഭാഗം അവരിലുണ്ട്‌.

∎إِنَّ الْمُتَّقِينَ فِي جَنَّاتٍ وَعُيُونٍ
45=തീര്‍ച്ചയായും (ദൈവീകവ്യവസ്ഥിതിയെ അംഗീകരിക്കുകയും സ്വ ജീവിതത്തിലും സമൂഹത്തിലും അത്നടപ്പാക്കുന്നതില്‍)സൂക്ഷ്മത പാലിച്ചവര്‍ തോട്ടങ്ങളിലും അരുവികളിലുമായിരിക്കും.

∎ادْخُلُوهَا بِسَلامٍ آمِنِينَ
46=നിര്‍ഭയരായി ശാന്തിയോടെ അതില്‍ പ്രവേശിച്ച്‌ കൊള്ളുക. ( എന്ന്‌ അവര്‍ക്ക്‌ സ്വാഗതം ആശംസിക്കപ്പെടും. )

∎وَنَزَعْنَا مَا فِي صُدُورِهِم مِّنْ غِلٍّ إِخْوَانًا عَلَى سُرُرٍ مُّتَقَابِلِينَ
47=അവരുടെ ഹൃദയങ്ങളില്‍ വല്ല വിദ്വേഷവുമുണ്ടെങ്കില്‍ നാമത്‌ നീക്കം ചെയ്യുന്നതാണ്‌. സഹോദരങ്ങളെന്ന നിലയില്‍ അവര്‍ കട്ടിലുകളില്‍ പരസ്പരം അഭിമുഖമായി ഇരിക്കുന്നവരായിരിക്കും.

∎لاَ يَمَسُّهُمْ فِيهَا نَصَبٌ وَمَا هُم مِّنْهَا بِمُخْرَجِينَ
48=അവിടെവെച്ച്‌ യാതൊരു ക്ഷീണവും അവരെ ബാധിക്കുന്നതല്ല. അവിടെ നിന്ന്‌ അവര്‍ പുറത്താക്കപ്പെടുന്നതുമല്ല.

∎نَبِّىءْ عِبَادِي أَنِّي أَنَا الْغَفُورُ الرَّحِيمُ
49=( നബിയേ, ) ഞാന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌ എന്ന്‌ എന്‍റെ ദാസന്‍മാരെ വിവരമറിയിക്കുക.

∎وَأَنَّ عَذَابِي هُوَ الْعَذَابُ الأَلِيمَ
50=എന്‍റെ ശിക്ഷ തന്നെയാണ്‌ വേദനയേറിയ ശിക്ഷ എന്നും ( വിവരമറിയിക്കുക. )

∎وَنَبِّئْهُمْ عَن ضَيْفِ إِبْرَاهِيمَ
51=ഇബ്രാഹീമിന്‍റെ ( അടുത്ത്‌ വന്ന ) അതിഥികളെപ്പറ്റി നീ അവരെ വിവരമറിയിക്കുക.

∎إِذْ دَخَلُواْ عَلَيْهِ فَقَالُواْ سَلامًا قَالَ إِنَّا مِنكُمْ وَجِلُونَ
52=അദ്ദേഹത്തിന്‍റെ അടുത്ത്‌ കടന്ന്‌ വന്ന്‌ അവര്‍ സലാം എന്ന്‌ പറഞ്ഞ സന്ദര്‍ഭം. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെപ്പറ്റി ഭയമുള്ളവരാകുന്നു.

∎قَالُواْ لاَ تَوْجَلْ إِنَّا نُبَشِّرُكَ بِغُلامٍ عَلِيمٍ

53=അവര്‍ പറഞ്ഞു: താങ്കള്‍ ഭയപ്പെടേണ്ട. ജ്ഞാനിയായ ഒരു ആണ്‍കുട്ടിയെപ്പറ്റി ഞങ്ങളിതാ താങ്കള്‍ക്കു സന്തോഷവാര്‍ത്ത അറിയിക്കുന്നു.

∎ قَالَ أَبَشَّرْتُمُونِي عَلَى أَن مَّسَّنِيَ الْكِبَرُ فَبِمَ تُبَشِّرُونَ
54=അദ്ദേഹം(ഇബ്രാഹീം)( പറഞ്ഞു: എനിക്ക്‌ വാര്‍ദ്ധക്യം ബാധിച്ചു കഴിഞ്ഞിട്ടാണോ എനിക്ക്‌ നിങ്ങള്‍(സന്താനത്തെപറ്റി) സന്തോഷവാര്‍ത്ത അറിയിക്കുന്നത്‌? അപ്പോള്‍ എന്തൊന്നിനെപ്പറ്റിയാണ്‌ നിങ്ങളീ സന്തോഷവാര്‍ത്ത അറിയിക്കുന്നത്‌?

∎قَالُواْ بَشَّرْنَاكَ بِالْحَقِّ فَلاَ تَكُن مِّنَ الْقَانِطِينَ
55=അവര്‍ പറഞ്ഞു: ഞങ്ങള്‍ താങ്കള്‍ക്ക്‌ സന്തോഷവാര്‍ത്ത നല്‍കിയിട്ടുള്ളത്‌ ഒരു യാഥാര്‍ത്ഥ്യത്തെപറ്റിതന്നെയാണ്‌. അതിനാല്‍ താങ്കള്‍ നിരാശരുടെ കൂട്ടത്തിലായിരിക്കരുത്‌.

∎قَالَ وَمَن يَقْنَطُ مِن رَّحْمَةِ رَبِّهِ إِلاَّ الضَّالُّونَ
56=അദ്ദേഹം ( ഇബ്രാഹീം ) പറഞ്ഞു: തന്‍റെ രക്ഷിതാവിന്‍റെ കാരുണ്യത്തെപ്പറ്റി ആരാണ്‌ നിരാശപ്പെടുക? വഴിപിഴച്ചവരല്ലാതെ.

∎قَالَ فَمَا خَطْبُكُمْ أَيُّهَا الْمُرْسَلُونَ
57=അദ്ദേഹം ( ഇബ്രാഹീം ) പറഞ്ഞു: ഹേ; ദൂതന്‍മാരേ, എന്നാല്‍ നിങ്ങളുടെ ( മുഖ്യ ) വിഷയമെന്താണ്‌?

∎قَالُواْ إِنَّا أُرْسِلْنَا إِلَى قَوْمٍ مُّجْرِمِينَ
58=അവര്‍ പറഞ്ഞു: (ദൈവീക വ്യവസ്ഥിതിയെ അവഗണിക്കുകയും തള്ളിക്കളയുകയും ചെയ്തത് കാരണം) കുറ്റവാളികളായ ഒരു ജനതയിലേക്ക്‌ ഞങ്ങള്‍ അയക്കപ്പെട്ടിരിക്കുകയാണ്‌.

∎إِلاَّ آلَ لُوطٍ إِنَّا لَمُنَجُّوهُمْ أَجْمَعِينَ
59=( എന്നാല്‍ ) ലൂത്വിന്‍റെ കുടുംബം(ദൈവീക വ്യവസ്ഥിതിയെ അംഗീകരിച്ചവര്‍) അതില്‍ നിന്നൊഴിവാണ്‌. തീര്‍ച്ചയായും അവരെ മുഴുവന്‍ ഞങ്ങള്‍ രക്ഷപ്പെടുത്തുന്നതാണ്‌.

∎إِلاَّ امْرَأَتَهُ قَدَّرْنَا إِنَّهَا لَمِنَ الْغَابِرِينَ
60=അദ്ദേഹത്തിന്‍റെ ഭാര്യ ഒഴികെ. തീര്‍ച്ചയായും അവള്‍ ശിക്ഷയില്‍ അകപ്പെടുന്നവരുടെ കൂട്ടത്തിലാണെന്ന്‌ ഞങ്ങള്‍ കണക്കാക്കിയിരിക്കുന്നു.

∎فَلَمَّا جَاءَ آلَ لُوطٍ الْمُرْسَلُونَ
61=അങ്ങനെ ലൂത്വിന്‍റെ കുടുംബത്തില്‍ ആ ദൂതന്‍മാര്‍ വന്നെത്തിയപ്പോള്‍.

∎قَالَ إِنَّكُمْ قَوْمٌ مُّنكَرُونَ
62=അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ അപരിചിതരായ ആളുകളാണല്ലോ.

∎قَالُواْ بَلْ جِئْنَاكَ بِمَا كَانُواْ فِيهِ يَمْتَرُونَ
63=അവര്‍ ( ആ ദൂതന്‍മാരായ മലക്കുകള്‍ ) പറഞ്ഞു: അല്ല, ഏതൊരു ( ശിക്ഷയുടെ ) കാര്യത്തില്‍ അവര്‍ ( ജനങ്ങള്‍ ) സംശയിച്ചിരുന്നുവോ അതും കൊണ്ടാണ്‌ ഞങ്ങള്‍ താങ്കളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌.

∎وَأَتَيْنَاكَ بِالْحَقِّ وَإِنَّا لَصَادِقُونَ
64=യാഥാര്‍ത്ഥ്യവും കൊണ്ടാണ്‌ ഞങ്ങള്‍ താങ്കളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌. തീര്‍ച്ചയായും ഞങ്ങള്‍ സത്യം പറയുന്നവരാകുന്നു.

∎فَأَسْرِ بِأَهْلِكَ بِقِطْعٍ مِّنَ اللَّيْلِ وَاتَّبِعْ أَدْبَارَهُمْ وَلاَ يَلْتَفِتْ مِنكُمْ أَحَدٌ وَامْضُواْ حَيْثُ تُؤْمَرُونَ
65=അതിനാല്‍ താങ്കളുടെ കുടുംബത്തെയും കൊണ്ട്‌ രാത്രിയില്‍ അല്‍പസമയം ബാക്കിയുള്ളപ്പോള്‍ യാത്രചെയ്ത്‌ കൊള്ളുക. താങ്കള്‍ അവരുടെ പിന്നാലെ അനുഗമിക്കുകയും ചെയ്യുക. നിങ്ങളില്‍ ഒരാളും തിരിഞ്ഞ്‌ നോക്കരുത്‌. നിങ്ങള്‍ കല്‍പിക്കപ്പെടുന്ന ഭാഗത്തേക്ക്‌ നടന്ന്‌ പോയിക്കൊള്ളുക.

∎وَقَضَيْنَا إِلَيْهِ ذَلِكَ الأَمْرَ أَنَّ دَابِرَ هَؤُلاء مَقْطُوعٌ مُّصْبِحِينَ 
66=ആ കാര്യം, അതായത്‌ പ്രഭാതമാകുന്നതോടെ(ദൈവീക വ്യവസ്ഥിതിയെ നിഷേധിച്ച) ഇക്കൂട്ടരുടെ മുരടുതന്നെ മുറിച്ചുനീക്കപ്പെടുന്നതാണ്‌ എന്ന കാര്യം നാം അദ്ദേഹത്തിന്‌ ( ലൂത്വ്‌ നബിക്ക്‌ ) ഖണ്ഡിതമായി അറിയിച്ച്‌ കൊടുത്തു.
 

∎ وَجَاءَ أَهْلُ الْمَدِينَةِ يَسْتَبْشِرُونَ
67=രാജ്യക്കാര്‍ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട്‌ വന്നു.

∎قَالَ إِنَّ هَؤُلاء ضَيْفِي فَلاَ تَفْضَحُونِ
68=അദ്ദേഹം ( ലൂത്വ്‌ ) പറഞ്ഞു: തീര്‍ച്ചയായും ഇവര്‍ എന്‍റെ അതിഥികളാണ്‌. അതിനാല്‍ നിങ്ങളെന്നെ വഷളാക്കരുത്‌.

∎وَاتَّقُوا اللَّهَ وَلاَ تُخْزُونِ
69=നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അപമാനിക്കാതിരിക്കുകയും ചെയ്യുക.

∎قَالُوا أَوَلَمْ نَنْهَكَ عَنِ الْعَالَمِينَ
70=അവര്‍ പറഞ്ഞു: ലോകരുടെ കാര്യത്തില്‍ (നിന്‍റെ മതവിഷയത്തിലല്ലാതെ, രാജ്യനിവാസികളെ വിധേയരാക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യേണ്ടതെങ്ങനെയെന്ന കാര്യത്തില്‍) നിന്നു നിന്നെ ഞങ്ങള്‍ വിലക്കിയിട്ടില്ലേ?

∎قَالَ هَؤُلاء بَنَاتِي إِن كُنتُمْ فَاعِلِينَ
71=അദ്ദേഹം പറഞ്ഞു: ഇതാ എന്‍റെ പെണ്‍മക്കള്‍. ( അവരെ നിങ്ങള്‍ക്ക്‌ വിവാഹം കഴിക്കാം. ) നിങ്ങള്‍ക്ക്‌ ചെയ്യാം എന്നുണ്ടെങ്കില്‍

∎لَعَمْرُكَ إِنَّهُمْ لَفِي سَكْرَتِهِمْ يَعْمَهُونَ
72=നിന്‍റെ ജീവിതം തന്നെയാണ സത്യം തീര്‍ച്ചയായും അവര്‍(ദൈവീക വ്യവസ്ഥിതിയെ അവഗണിച്ചതിനാല്‍) അവരുടെ(വിവേകം നഷ്ടപ്പെട്ട് വികാര) ലഹരിയില്‍ വിഹരിക്കുകയായിരുന്നു.

∎فَأَخَذَتْهُمُ الصَّيْحَةُ مُشْرِقِينَ
73=അങ്ങനെ സൂര്യോദയത്തോടെ ആ ഘോരശബ്ദം അവരെ പിടികൂടി.

∎فَجَعَلْنَا عَالِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهِمْ حِجَارَةً مِّن سِجِّيلٍ
74=അങ്ങനെ ആ രാജ്യത്തെ നാം തലകീഴായി മറിക്കുകയും, ചുട്ടുപഴുത്ത ഇഷ്ടികക്കല്ലുകള്‍ അവരുടെ മേല്‍ നാം വര്‍ഷിക്കുകയും ചെയ്തു.

∎إِنَّ فِي ذَلِكَ لَآيَاتٍ لِّلْمُتَوَسِّمِينَ
75=നിരീക്ഷിച്ച്‌ മനസ്സിലാക്കുന്നവര്‍ക്ക്‌ തീര്‍ച്ചയായും അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.

∎وَإِنَّهَا لَبِسَبِيلٍ مُّقِيمٍ
76=തീര്‍ച്ചയായും അത്‌ ( ആ രാജ്യം ) ( ഇന്നും ) നിലനിന്ന്‌ വരുന്ന ഒരു പാതയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌.

∎إِنَّ فِي ذَلِكَ لآيَةً لِّلْمُؤْمِنِينَ
77=തീര്‍ച്ചയായും അതില്‍ വിശ്വാസികള്‍(ദൈവീക വ്യവസ്ഥിതിക്ക് വേണ്ടി നിലകൊള്ളുന്നവര്‍)ക്ക്‌ ഒരു ദൃഷ്ടാന്തമുണ്ട്‌.

∎وَإِن كَانَ أَصْحَابُ الأَيْكَةِ لَظَالِمِينَ
78=തീര്‍ച്ചയായും മരക്കൂട്ടത്തില്‍ താമസിച്ചിരുന്ന ജനവിഭാഗം അക്രമികളായിരുന്നു.

∎فَانتَقَمْنَا مِنْهُمْ وَإِنَّهُمَا لَبِإِمَامٍ مُّبِينٍ
79=അതിനാല്‍ നാം അവരുടെ നേരെ ശിക്ഷാനടപടി സ്വീകരിച്ചു. തീര്‍ച്ചയായും ഈ രണ്ട്‌ പ്രദേശവും തുറന്ന പാതയില്‍ തന്നെയാണ്‌ സ്ഥിതിചെയ്യുന്നത്‌.

∎ وَلَقَدْ كَذَّبَ أَصْحَابُ الحِجْرِ الْمُرْسَلِينَ
80=തീര്‍ച്ചയായും ഹിജ്‌റിലെ നിവാസികള്‍ ദൈവദൂതന്‍മാരെ നിഷേധിച്ച്‌ കളയുകയുണ്ടായി.

∎وَآتَيْنَاهُمْ آيَاتِنَا فَكَانُواْ عَنْهَا مُعْرِضِينَ
81=അവര്‍ക്ക്‌ നാം നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും ചെയ്തു. എന്നിട്ട്‌ അവര്‍ അവയെ അവഗണിച്ച്‌ കളയുകയായിരുന്നു.

∎وَكَانُواْ يَنْحِتُونَ مِنَ الْجِبَالِ بُيُوتًا آمِنِينَ
82=അവര്‍ പര്‍വ്വതങ്ങളില്‍ നിന്ന്‌ ( പാറകള്‍ ) വെട്ടിത്തുരന്ന്‌ വീടുകളുണ്ടാക്കി നിര്‍ഭയരായി കഴിയുകയായിരുന്നു.

∎فَأَخَذَتْهُمُ الصَّيْحَةُ مُصْبِحِينَ
83=അങ്ങനെയിരിക്കെ പ്രഭാതവേളയില്‍ ഒരു ഘോരശബ്ദം അവരെ പിടികൂടി.

∎فَمَا أَغْنَى عَنْهُم مَّا كَانُواْ يَكْسِبُونَ
84=അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയിരുന്നതൊന്നും അവര്‍ക്ക്‌ ഉപകരിച്ചില്ല.

∎وَمَا خَلَقْنَا السَّمَاوَاتِ وَالأَرْضَ وَمَا بَيْنَهُمَا إِلاَّ بِالْحَقِّ وَإِنَّ السَّاعَةَ لآتِيَةٌ فَاصْفَحِ الصَّفْحَ الْجَمِيلَ
85=ആകാശങ്ങളും ഭൂമിയും അവ രണ്ടിനും ഇടയിലുള്ളതും യുക്തിപൂര്‍വ്വകമായല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല. തീര്‍ച്ചയായും അന്ത്യസമയം വരുക തന്നെ ചെയ്യും. അതിനാല്‍ നീ ഭംഗിയായി മാപ്പ്‌ ചെയ്ത്‌ കൊടുക്കുക.

∎إِنَّ رَبَّكَ هُوَ الْخَلاَّقُ الْعَلِيمُ
86=തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ എല്ലാം സൃഷ്ടിക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു.

∎وَلَقَدْ آتَيْنَاكَ سَبْعًا مِّنَ الْمَثَانِي وَالْقُرْآنَ الْعَظِيمَ
87=ആവര്‍ത്തിച്ചു പാരായണം ചെയ്യപ്പെടുന്ന ഏഴ്‌  വചനങ്ങളും മഹത്തായ ഖുര്‍ആനും തീര്‍ച്ചയായും നിനക്ക്‌ നാം നല്‍കിയിട്ടുണ്ട്‌.

∎لاَ تَمُدَّنَّ عَيْنَيْكَ إِلَى مَا مَتَّعْنَا بِهِ أَزْوَاجًا مِّنْهُمْ وَلاَ تَحْزَنْ عَلَيْهِمْ وَاخْفِضْ جَنَاحَكَ لِلْمُؤْمِنِينَ
88=അവരില്‍ ( ദൈവീക വ്യവസ്ഥിതിയെ അവഗണിച്ചവരില്‍ ) പെട്ട പല വിഭാഗക്കാര്‍ക്കും നാം സുഖഭോഗങ്ങള്‍ നല്‍കിയിട്ടുള്ളതിന്‍റെ നേര്‍ക്ക്‌ നീ നിന്‍റെ ദൃഷ്ടികള്‍ നീട്ടിപ്പോകരുത്‌. അവരെപ്പറ്റി നീ വ്യസനിക്കേണ്ട. സത്യവിശ്വാസികള്‍ക്ക്‌ നീ നിന്‍റെ ചിറക്‌ താഴ്ത്തികൊടുക്കുക.

∎وَقُلْ إِنِّي أَنَا النَّذِيرُ الْمُبِينُ
89=തീര്‍ച്ചയായും ഞാന്‍ വ്യക്തമായ(ദൈവീക വ്യവസ്ഥിതിലേക്കുള്ള ക്ഷണം നിരസിച്ചവര്‍ക്ക് വന്നെത്താന്‍ പോകുന്ന ശിക്ഷയെകുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന) ഒരു താക്കീതുകാരന്‍ തന്നെയാണ്‌ എന്ന്‌ പറയുകയും ചെയ്യുക.

∎ كَمَا أَنزَلْنَا عَلَى المُقْتَسِمِينَ
90=(ദൈവിക മാര്‍ഗ്ഗദര്‍ശനം സ്വീകരിക്കുന്ന വിഷയത്തില്‍)വിഭജനം നടത്തിക്കളഞ്ഞവരുടെ മേല്‍ നാം ഇറക്കിയത്‌ പോലെത്തന്നെ.

∎الَّذِينَ جَعَلُوا الْقُرْآنَ عِضِينَ
91=അതായത്‌ ഖുര്‍ആനിനെ(മനുഷ്യജീവിതത്തിന്‍റെ പൂര്‍ണ്ണ പ്രമാണമായംഗീകരിക്കാതെ) വ്യത്യസ്ത ഖണ്ഡങ്ങളാക്കി (സ്വാര്‍ത്ഥ താല്‍പര്യമനുസരിച്ച് വേദത്തില്‍നിന്ന് പലതും അവഗണിച്ച് ചിലതിന് പരിഗണന നല്‍കി)മാറ്റിയവരുടെ മേല്‍

∎فَوَرَبِّكَ لَنَسْأَلَنَّهُمْ أَجْمَعِينَ
92=എന്നാല്‍ നിന്‍റെ രക്ഷിതാവിനെത്തന്നെയാണ, അവരെ മുഴുവന്‍ നാം ചോദ്യം ചെയ്യുക തന്നെ ചെയ്യും

∎عَمَّا كَانُوا يَعْمَلُونَ
93=അവര്‍ പ്രവര്‍ത്തിച്ച്‌ കൊണ്ടിരുന്നതിനെ സംബന്ധിച്ച്‌.

∎فَاصْدَعْ بِمَا تُؤْمَرُ وَأَعْرِضْ عَنِ الْمُشْرِكِينَ
94=അതിനാല്‍ നീ കല്‍പിക്കപ്പെടുന്നതെന്തോ അത്‌(ദൈവീക വ്യവസ്ഥിതി- الدين -യെകുറിച്ച്) ഉറക്കെ പ്രഖ്യാപിച്ച്‌ കൊള്ളുക.(അല്ലാഹുവിന്‍)പങ്കാളികളെ കല്‍പിക്കുന്നവരില്‍ നിന്ന്‌ തിരിഞ്ഞുകളയുകയും ചെയ്യുക.

∎إِنَّا كَفَيْنَاكَ الْمُسْتَهْزِئِينَ
95=പരിഹാസക്കാരില്‍ നിന്ന്‌ നിന്നെ സംരക്ഷിക്കാന്‍ തീര്‍ച്ചയായും നാം മതിയായിരിക്കുന്നു.

∎الَّذِينَ يَجْعَلُونَ مَعَ اللَّهِ إِلَهًا آخَرَ فَسَوْفَ يَعْلَمُونَ
96=അതായത്‌ അല്ലാഹുവോടൊപ്പം മറ്റുദൈവത്തെ സ്ഥാപിക്കുന്നവര്‍ (ദൈവീക വ്യവസ്ഥിതിയെഅവഗണിച്ചവര്‍) അവര്‍(പിന്നീട്) അറിഞ്ഞ്‌ കൊള്ളും.

∎وَلَقَدْ نَعْلَمُ أَنَّكَ يَضِيقُ صَدْرُكَ بِمَا يَقُولُونَ
97=അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്‌ നിമിത്തം നിനക്ക്‌ മനഃപ്രയാസം അനുഭവപ്പെടുന്നുണ്ട്‌ എന്ന്‌ തീര്‍ച്ചയായും നാം അറിയുന്നുണ്ട്‌.

∎فَسَبِّحْ بِحَمْدِ رَبِّكَ وَكُن مِّنَ السَّاجِدِينَ
98=ആകയാല്‍ നിന്‍റെ രക്ഷിതാവിനെ സ്തുതിച്ച്‌ കൊണ്ട്‌ നീ സ്തോത്രകീര്‍ത്തനം നടത്തുകയും, നീ സുജൂദ്‌ ചെയ്യുന്നവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക.

∎وَاعْبُدْ رَبَّكَ حَتَّى يَأْتِيَكَ الْيَقِينُ
99=ഉറപ്പായ കാര്യം ( മരണം ) നിനക്ക്‌ വന്നെത്തുന്നത്‌ വരെ നീ നിന്‍റെ രക്ഷിതാവിന്(ദൈവീക വ്യവസ്ഥിതിക്ക്) കീഴ്പെടുകയും ചെയ്യുക.